കറാച്ചിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; ഫാക്ടറിയുടെ നിര്‍മാണം ജയില്‍കെട്ടിടം പോലെയെന്ന് പോലിസ്

Update: 2021-02-11 02:06 GMT

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ് ഫാക്ടറിയില്‍ തീപിടിച്ചു. നാലു നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയുടെ താഴെ നിലയിലാണ് തീപിടിച്ചത്. മരിച്ച മൂന്നു തൊഴിലാളികളില്‍ രണ്ടാളെ രക്ഷിക്കുന്നതിനിടയിലാണ് മൂന്നാത്തെ തൊഴിലാളി തീപ്പൊള്ളലേറ്റ് മരിച്ചത്.

ഫാക്ടറി ഉടമയുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായതായി കറാച്ചി മെട്രോപോളിറ്റന്‍ കോര്‍പറേഷന്‍ പോലിസ് ചീഫ് പറഞ്ഞു.

പാകിസ്താന്‍ പത്രമായ ഡോണ്‍ നല്‍കുന്ന വിവരമനുസരിച്ച് ഏകദേശം ഒരു ജയില്‍ പോലെയാണ് അപകടം നടന്ന അല്‍ മക്കാ ഫാബ്രിക്‌സ് എന്ന ഫാക്ടറിയുടെ നിര്‍മാണം. നാല് നിലയിലാണ് ഫാക്ടറിപ്രവര്‍ത്തിക്കുന്നത്. മോഷണം തടയുന്നതിനുവേണ്ടി എല്ലാ വാതിലുകളും അടച്ച് ജനാലകളില്‍ ഇരുമ്പ് വല പിടിപ്പിച്ചിരിക്കുകയാണ്. ഫാക്ടറിയിലേക്ക് കടക്കാന്‍ ഒരു വാതില്‍ മാത്രമാണ് ഉള്ളത്. തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് അകത്തെത്താന്‍ പോലും ബുദ്ധിമുട്ടായിരുന്നു.

അതേസമയം ഫാക്ടറി ഉടമ പറയുന്നത് തൊഴിലാളികളുടെ മരണത്തിനു കാരണം അഗ്നിശമന ഉദ്യോഗസ്ഥര്‍ സമയത്തിന് സ്ഥലത്തെത്താത്തതുകൊണ്ടാണെന്നാണ്. ആരോപണങ്ങള്‍ പോലിസ് നിഷേധിച്ചു. ഫാക്ടറി ഉടമ ഇമ്രാനെതിരേ കേസെടുത്തു.

ഇത്തരം അപകടങ്ങള്‍ പ്രദേശത്ത് പതിവാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കുപ്രസിദ്ധമാണ് ഇവിടം. 2012 ല്‍ അലി എന്റര്‍പ്രൈസസ് ഗാര്‍മെന്റ് ഫാക്ടറിയിലുണ്ടായ സമാനമായ തീപിടിത്തത്തില്‍ 260 പേര്‍ മരിച്ചിരുന്നു.

Tags: