കൂട്ടബലാല്‍സംഗക്കേസ്: സിഐ പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും

Update: 2022-12-17 15:45 GMT

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാല്‍സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ സിഐ പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇതിനുള്ള കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി. പി ആര്‍ സുനുവിന്റെ പിരിച്ചുവിടല്‍ ഉത്തരവ് മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരെയും പിരിച്ചുവിടലുണ്ടാവും. പോക്‌സോ പ്രതികള്‍ ഉള്‍പ്പടെ അറുപതോളം പേര്‍ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലിസുകാരുടെ പട്ടികയിലുണ്ട്.

പി ആര്‍ സുനുവിന്റെ കേസുകള്‍ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന പോലിസില്‍ ക്രിമിനല്‍ കേസ് പ്രതികളായ 828 പോലിസ് ഉദ്യോഗസ്ഥരുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. സിഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. മറ്റ് ഉദ്യോസ്ഥരുടെ കാര്യത്തില്‍ സംസ്ഥാന പോലിസ് മേധാവിയ്ക്കു തീരുമാനമെടുക്കാം. ക്രിമിനല്‍ കേസ് പട്ടികയില്‍ ഗുരുതരസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടി തുടങ്ങി.

Tags:    

Similar News