ചങ്ങരംകുളത്ത് കുട്ടികളുടെ കരോള്‍ സംഘത്തിന് നേരേ മദ്യപസംഘത്തിന്റെ ആക്രമണം

Update: 2022-12-25 10:49 GMT

മലപ്പുറം: ചങ്ങരംകുളം പെരുമുക്കില്‍ കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. തങ്ങളെ ഒരു കാരണവുമില്ലാതെ വടിയും പട്ടികയും കൊണ്ട് അടിച്ചോടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. കരോള്‍ പരിപാടികള്‍ക്കായി കുട്ടികള്‍ വാടകയ്‌ക്കെടുത്ത വാദ്യോപകരണങ്ങളും അക്രമിസംഘം നശിപ്പിച്ചിട്ടുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് സംഘം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. 25ഓളം കുട്ടികളാണ് കരോള്‍ സംഘത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കുട്ടികളും രക്ഷിതാക്കളും പറഞ്ഞു. പ്രതികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ചങ്ങരംകുളം പോലിസ് കേസെടുത്തു.

Tags: