ചൂതാട്ടം: ഗുജറാത്തിലെ ബിജെപി എംഎല്‍എക്ക് രണ്ട് വര്‍ഷം കഠിനതടവ്

Update: 2022-05-11 15:38 GMT

ഹലോല്‍: ഗുജറാത്തിലെ ബിജെപി എംഎല്‍എക്ക് ഹലോലിലെ പ്രാദേശിക കോടതി ചൂതാട്ടക്കേസില്‍ രണ്ട് വര്‍ഷം കഠിന തടവ് വിധിച്ചു. എംഎല്‍എ കേസരി സിങ് സോളങ്കിക്കുപുറമെ 25 പേര്‍ക്കുകൂടി ശിക്ഷവിധിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇവരെ ചൂടാട്ടത്തിനിടയില്‍ പോലിസ് പിടികൂടിയത്. 

അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. തടവിനു പറമെ 3000 രൂപ പിഴയും വിധിച്ചു. ഖേഡ ജില്ലയിലെ മാറര്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് സോളങ്കി.

അറസ്റ്റ് ചെയ്യപ്പെട്ട 25 പേരില്‍ 7 പേര്‍ വനിതകളാണ്. അതില്‍ നാല് പേര്‍ നേപ്പാളില്‍നിന്നുളളവരും.

പാവഗഢ് പോലിസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ജൂലൈ 1, 2021ന് പരിശോധന നടത്തിയത്. പഞ്ചമഹല്‍ ജില്ലയിലെ ശിവ്രാജ്പീരിലെ റിസോര്‍ട്ടിലായിരുന്നു ചൂതാട്ടം നടന്നിരുന്നത്. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു.

പരിശോധനയില്‍ 3.9 ലക്ഷം രൂപയും 8 വണ്ടികളും 25 മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും അടക്കം 1.15 കോടി വില വരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു.  

പ്രധാനമന്ത്രി മോദിയോടൊപ്പം പ്രതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍

ചൂതാട്ടവിരുദ്ധനിയമത്തിന്റെ 4, 5 വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരുന്നത്. പ്രോസിക്യൂഷന്‍ 34 സാക്ഷികളെ ഹാജരാക്കി. 13 രേഖകള്‍ സമര്‍പ്പിച്ചു.

2014ല്‍നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഇയാള്‍ മാറര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചു. പിന്നീട് 2017ലും ഈ സീറ്റ് നിലനിര്‍ത്തി. 

Tags: