ഗഡ്ചിരോലി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മാവോവാദി നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡെയും

Update: 2021-11-14 05:49 GMT

മുംബൈ: കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ ശനിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 26 മാവോവാദികളില്‍ പ്രമുഖ മാവോവാദി നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡെയും. സിപിഐ മാവോവാദിയുടെ കേന്ദ്ര കമ്മിറ്റി അംഗവും മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തിസ്ഗഢ് സോണിന്റെ ചുമതലക്കാരനുമായിരുന്നു മിലിന്ദ് തെല്‍തുംബ്‌ഡെ.

പ്രാഥമിക നിഗമനപ്രകാരം, ശനിയാഴ്ചത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 26 മാവോവാദികളില്‍ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നുവെന്ന് എസ് പി അന്‍കിത് ഗോയല്‍ സ്ഥിരീകരിച്ചു. നേരത്തെ സ്ഥിരീകരിക്കാതെത്തന്നെ ഈ വാര്‍ത്ത പുറത്തുവന്നിരുന്നു. മറ്റുളളവരെ തിരിച്ചറിഞ്ഞിട്ടില്ല.

അഡി. എസ് പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

മിലിന്ദ് ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ആനന്ദ് തെല്‍തുംബ്‌ഡെയും ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇരുവരും സഹോദരന്മാരാണ്. ആനന്ദ് തെല്‍തുംബ്‌ഡെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണത്തടവുകാരനാണ്.

ആനന്ദ് തെല്‍തുംബ്‌ഡെയുടെ സഹായത്തോടെ മിലിന്ദ് നഗരപ്രദേശങ്ങളില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ ആരോപിക്കുന്നത്.

അഡീഷണല്‍ എസ്പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തില്‍ സി60 കമാന്‍ഡോ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാര്‍ഡിന്‍തോല വനമേഖലയിലെ കോര്‍ച്ചിയില്‍ രാവിലെ വെടിവയ്പ്പുണ്ടായതെന്ന് പോലിസ് അറിയിച്ചു.

സംഭവത്തില്‍ നാല് പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ചികില്‍സയ്ക്കായി ഹെലികോപ്റ്ററില്‍ നാഗ്പൂരിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

സിപിഐ (മാവോയിസ്റ്റ്) ഗഡ്ചിരോലി ഡിവിഷന്‍ കമ്മിറ്റി അംഗം സുഖ്‌ലാലിന്റെ നേതൃത്വത്തിലുള്ള കോര്‍ച്ചി ദളത്തിലെ അംഗങ്ങളാണ് സംഘത്തില്‍ പ്രധാനമായും ഉള്‍പ്പെട്ടിരുന്നത്.

രാവിലെ ആറിന് തുടങ്ങിയ ഏറ്റുമുട്ടല്‍ വൈകീട്ട് നാല് വരെ നീണ്ടുനിന്നതായി പോലിസ് പറയുന്നു. 

Tags: