ഇന്ധന നികുതി വര്‍ധന: യുഡിഎഫിന്റെ ദ്വിദിന രാപ്പകല്‍ സമരത്തിന് ഇന്ന് തുടക്കം

Update: 2023-02-13 01:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരേ യുഡിഎഫ് ആഹ്വാനം ചെയ്ത ദ്വിദിന രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാവും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപകല്‍ സമരം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മുതല്‍ 14ന് രാവിലെ 10 വരെ നടക്കുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.

സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും മലപ്പുറത്ത് പി കെ കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും തൊടുപുഴയില്‍ പി ജെ ജോസഫും കൊല്ലത്ത് എ എ അസീസും പത്തനംതിട്ടയില്‍ അനൂപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി പി ജോണും പാലക്കാട് വി കെ ശ്രീകണ്ഠനും കാസര്‍കോട് കാഞ്ഞങ്ങാട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം നിര്‍വഹിക്കും. വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഇന്നുള്ളതിനാല്‍ സമരം മറ്റൊരു ദിവസവും മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തിയ്യതികളിലുമായിരിക്കും നടക്കുക.

Tags:    

Similar News