ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിലുണ്ടായിരുന്നവരെ തടവു കേന്ദ്രത്തിലേക്ക് മാറ്റി; ആക്ടിവിസ്റ്റുകളെ വിട്ടയക്കുമെന്ന് ഇസ്രായേല്‍

Update: 2025-06-10 05:56 GMT

ജറുസലേം: ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ തടവു കേന്ദ്രത്തിലേക്ക് മാറ്റി. മധ്യ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്കാണ് കപ്പല്‍ ആദ്യം കൊണ്ടുപോയത്. നിലവില്‍ ഇവരെ എവിടെയാണ് തടവില്‍ വച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. കപ്പലിലുണ്ടായിരുന്ന എല്ലാ പ്രവര്‍ത്തകരും 'സുരക്ഷിതരാണെന്നും' അവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും ഇസ്രായേലി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, തടവുകാരുടെ സ്ഥലവും നിയമപരമായ നിലയും ടെല്‍ അവീവ് അധികൃതര്‍ ഉടന്‍ വെളിപ്പെടുത്തണമെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ അദാല ആവശ്യപ്പെട്ടു.

ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യത്തിന്റെയും ഗസയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര കമ്മിറ്റിയുടെയും ഒരു സംരംഭത്തിന്റെ ഭാഗമായി ജൂണ്‍ 1 ന് ഇറ്റലിയില്‍ നിന്നാണ് മാഡ്ലീന്‍ യാത്ര തിരിച്ചത്. ഇസ്രായേല്‍ നാവിക ഉപരോധത്തെ വെല്ലുവിളിക്കുകയും പട്ടിണിയും കുടിയിറക്കവും വിനാശകരമായ തലങ്ങളിലെത്തിയ ഗസ മുനമ്പിലെ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ദൗത്യം.

ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, തുര്‍ക്കി, സ്വീഡന്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും കപ്പലിലുണ്ടായിരുന്നവരില്‍ ഉള്‍പ്പെടുന്നു, സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, ഐറിഷ് നടന്‍ ലിയാം കന്നിംഗ്ഹാം തുടങ്ങിയവര്‍ കപ്പലിലുണ്ട്.

ഇസ്രായേല്‍ നടപടിയെ 'കടല്‍ക്കൊള്ള' എന്ന് ഇറാന്‍ അപലപിച്ചു. കപ്പലിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം ഒരുതരം കടല്‍ക്കൊള്ളയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് ടെഹ്റാനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസും ആക്രമണത്തെ അപലപിച്ചു. ഫ്രീഡം ഫ്‌ലോട്ടില്ലയുടെ ദൗത്യത്തിന് അവര്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും കപ്പലിനെയും അതിലെ ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ആക്ടിവിസ്റ്റുകളെ നിലവില്‍ അഷ്ദോഡിലെ ഒരു സൈനിക താവളത്തില്‍ തടവിലാക്കിയിരിക്കുകയാണെന്നും അവിടെ അവരെ ചോദ്യം ചെയ്യുമെന്നും ഇസ്രായേലി ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ 7ലെ സംഭവങ്ങളുടെ വിഡിയോ ആക്ടിവിസ്റ്റുകളെ കാണിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Tags: