കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണം; നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി

Update: 2021-06-02 05:30 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ മന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ചെറിയ ഭേദഗതികളോടെ ഐകകണ് ഠ്യേന പാസാക്കാനാണ് സാധ്യത.

'കഴിഞ്ഞ ഒന്നരവര്‍ഷമായി ലോകരാഷ്ട്രങ്ങളെ പിടിച്ചു കുലുക്കുന്ന മഹാമാരിയായ കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ വിവിധ തരത്തിലുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നതിനാല്‍ ദുര്‍ബലമായ സമ്പദ്ഘടനയെ അത് കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കൊവിഡിന്റെ ഒന്നാം തരംഗം തന്നെ സമ്പദ്ഘടനയെ പ്രതിസന്ധിയിലെത്തിച്ച ഘട്ടത്തിലാണ് ഈ മഹാമാരിയുടെ രണ്ടാം തരംഗം ഉണ്ടായിരിക്കുന്നത്'.

'കൊവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന ലക്ഷ്യത്തിന് എല്ലാ തലത്തിലുള്ള സര്‍ക്കാരുകളും പരമപ്രാധാന്യത്തോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധിക്കൂ. ഇതിനായുള്ള ഏറ്റവും നല്ല മാര്‍ഗം സാമൂഹ്യതലത്തില്‍ മഹാമാരിക്കെതിരെയുള്ള പ്രതിരോധ നിര്‍മ്മിതിയാണ്. ഇതിന് ഏറ്റവും പ്രധാനമായത് സാര്‍വത്രികമായ വാക്‌സിനേഷനാണ്. അത് എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാകണമെങ്കില്‍ വാക്‌സിന്‍ സൗജന്യവും സാര്‍വത്രികവുമായി നല്‍കാന്‍ കഴിയണം. അതിലൂടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് നടപടിയെടുത്താല്‍ അത് രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ലാഭം ചെറുതായിരിക്കില്ല. കേരളത്തില്‍ കൊവിഡ് വാക്്‌സിന്‍ ആവശ്യക്കാര്‍ക്ക് ഫലപ്രദമായ രീതിയില്‍ നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ട്. അതിനാല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും നമുക്കു കഴിയും. വര്‍ത്തമാന കാലത്ത് കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതവും സൗജന്യവുമായി ലഭ്യമാക്കണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു'.

Tags: