തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പോളിംഗ് ദിനത്തില്‍ ഊബറില്‍ സൗജന്യ യാത്ര
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ സഹായകരമായി തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബര്‍ ആപ്പിലൂടെ സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ടു കിലോമീറ്റര്‍ വരെ യാത്ര സൗജന്യമായിരിക്കും. കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താം. പോളിംഗ് ബൂത്തുകളുടെ ലൊക്കേഷനുകള്‍ ഊബര്‍ ആപ്പില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കന്നിവോട്ടര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഓരൊ ജില്ലയിലും 200 പേര്‍ക്ക് ഹല്‍വ വിതരണം ചെയ്യുന്നതിനും തീരുമാനമായി. ആവശ്യാനുസരണം ഈ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. പോളിംഗ് ദിനത്തില്‍ കൂടുതല്‍ പേരെ വോട്ട് രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.