വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. മാളയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു

Update: 2021-07-02 15:37 GMT

തൃശൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരെ മാള പോലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ ഉദയ ശങ്കര്‍ (34), സഹോദരന്‍ പ്രദീപ് ശങ്കര്‍ (32) എന്നിവരെയാണ് മാള പോലിസ് കസ്റ്റഡിയിലെടുത്തത്. മലയാളികളും തമിഴരുമായ ഒട്ടനവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്.

കൊമ്പത്തുകടവ് കുപ്പംബസാര്‍ സ്വദേശി അരുണ്‍ കുമാറും വെള്ളക്കിണര്‍ സ്വദേശിയുമാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ പീരുമേട്ടിലെ എസ് എം എസ് കോളേജിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ടുമെന്റിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.

പണം കൈമാറിയവരില്‍ ഭൂരിഭാഗവും നേരിട്ടാണ് നല്‍കിയതെങ്കിലും 1.25 ലക്ഷം രൂപ അരുണ്‍ കുമാര്‍ ബാങ്ക് വഴിയാണ് നല്‍കിയത്. വെള്ളക്കിണര്‍ സ്വദേശി 2019ല്‍ അഞ്ച് ലക്ഷം രൂപ നല്‍കി. കാനഡയിലേക്ക് പോകാനായിരുന്നു അദ്ദേഹം പണം നല്‍കിയത്.

തട്ടിപ്പ് മനസ്സിലാക്കിയ അരുണ്‍ കുമാര്‍ പലവട്ടം കോയമ്പത്തൂരില്‍ പോയി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുതരാന്‍ തയ്യാറായില്ല. ഇവര്‍ക്കെതിരേ തമിഴ്‌നാട്ടില്‍ പലരും പരാതി നല്‍കിയിരുന്നു. പോലിസ് ഇടപെട്ട് ഇത് ഒത്തുതീര്‍പ്പാക്കി.

കോയമ്പത്തൂര്‍ ശരവണന്‍പെട്ടിയില്‍ സൊയാഗോ കോര്‍പ്പറേറ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്നത്. തട്ടിപ്പ് നടത്തിയ ശേഷം ഉദയശങ്കര്‍ ദുബായിലേക്ക് കടന്നു. കൊവിഡ് ലോക്ഡൗണായപ്പോള്‍ അവിടെ നിന്നും മടങ്ങേണ്ടിവന്നു. ശേഷം പല അപ്പാര്‍ട്ടുമെന്റുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു.

എ എസ് ഐ വിശ്വംഭരനും സി പി ഒ നിധിന്‍ കൃഷ്ണയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.