ഡോ. കെ എസ് മാധവനെതിരേ കാരണംകാണിക്കല്‍ നോട്ടിസ്; കോഴിക്കോട് സര്‍വകലാശാലയെ സവര്‍ണ്ണ അഗ്രഹാരമാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് നീക്കം അംഗീകരിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2021-05-01 09:49 GMT

തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാലകള്‍ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്‌ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളല്‍ സമീപനമാണ് സ്വീകരിക്കുന്നത് എന്നും 'മാധ്യമം' ദിനപത്രത്തില്‍ ലേഖനം എഴുതിയ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനും ദളിത്- കീഴാള പഠന വിദഗ്ദ്ധനും ആയ ഡോ.കെ.എസ് മാധവന് എതിരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്വീകരിക്കുന്ന അച്ചടക്ക നടപടി പ്രതിഷേധാര്‍ഹമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മൂവ്‌മെന്റ്. സംവരണ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കി കാലിക്കറ്റ് സര്‍വ്വകലാശാലയെ സവര്‍ണ അഗ്രഹാരമാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് തീരുമാനത്തെ ചെറുത്ത് തോല്‍പിക്കും. സാമൂഹിക നീതിക്കും സംവരണ അട്ടിമറിക്കുമെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഡോ.കെ.എസ് മാധവന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സര്‍വ്വകലാശാലയുടെ സല്‍പ്പേരിനു കളങ്കം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് ഡോ.കെ.എസ് മാധവനോട് ഒരാഴ്ച്ചക്കകം വിശദീകരണം നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഉള്‍പ്പടെ വലിയ സ്വഭാവത്തിലാണ് സംവരണം അട്ടിമറിക്കപ്പെടുന്നത്. വിവരാവകാശ രേഖയില്‍ പോലും സംവരണവുമായി ബന്ധപ്പെട്ട പലരേഖകളും കൈമാറാന്‍ സര്‍വ്വകലാശാല തയ്യാറായിരുന്നില്ല. സര്‍വ്വകലാശാല അധികൃതരുടെ ഇത്തരം നടപടികള്‍ സൂചിപ്പിക്കുന്നത് കാലിക്കറ്റ് സര്‍വ്വകലാശാലയെ ഇടത് സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തില്‍ സവര്‍ണ്ണ അഗ്രഹാരമാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നു തന്നെയാണ്. സംവരണ അട്ടിമറിക്ക് എതിരില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിവരുന്നു.

കോഴിക്കോട് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി ഫയല്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നിയമ പോരാട്ടങ്ങളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. അര്‍ച്ചന പ്രജിത്ത്, എസ്. മുജീബുറഹ്‌മാന്‍, കെ.കെ അഷ്‌റഫ്, മഹേഷ് തോന്നക്കല്‍, സാന്ദ്ര എം.ജെ, കെ.എം ഷെഫ്രിന്‍, സനല്‍ കുമാര്‍, ലത്തീഫ് പി.എച്ച്, അമീന്‍ റിയാസ് തുടങ്ങിയവര്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംബന്ധിച്ചു.