നിയമ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണ്‍സ് ലെഗാറ്റോ നിവേദനം നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക - ഭൗതിക നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യമുന്നയിച്ച് നിയമ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫ്രറ്റേണ്‍സ് ലെഗാറ്റോ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
ഫ്രറ്റേണ്‍സ് ലെഗാറ്റോ ജനറല്‍ കണ്‍വീനറും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന സമിതി അംഗവുമായ സബീല്‍ ചെമ്പ്രശ്ശേരിയാണ് നിവേദനം നല്‍കിയത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല നിയമ പഠനത്തിന് വേണ്ടത്ര പ്രധാന്യമോ പരിഗണനയോ നല്‍കിയിട്ടില്ല. നിലവിലുള്ള ഗവണ്മെന്റ് ലോ കോളേജുകളില്‍ വേണ്ടത്ര ക്ലാസ്സ് മുറികളോ കൊമ്പൗണ്ടോ മതിയായ ലൈബ്രറി സംവിധാനമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെയില്ല.
നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനായി നിയമ മേഖല തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് അതിന് അനുപാതികമായി സര്‍ക്കാര്‍ ലോ കോളേജുകളില്ല. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രസ്തുത മേഖലയിലെ ഭൗതിക-അക്കാദമിക സംവിധാനങ്ങള്‍ വളരെ പരിമിതമായതും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടാത്തവയുമാണ്.
പുതിയ കോളേജുകള്‍ സ്ഥാപിക്കല്‍, സമയബന്ധിതമായ അക്കാദമിക് കലണ്ടര്‍, നിലവിലുള്ള കോളേജുകളുടെ ഭൗതിക വികസനം, കേന്ദ്രീകൃത നിയമ സര്‍വകലാശാലയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
