ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഫ്രാന്‍സും യുപിയും: ഫ്രഞ്ച് അംബാസിഡര്‍ ബുധനാഴ്ച യുപി മുഖ്യമന്ത്രിയെ കാണും

Update: 2020-11-24 15:16 GMT

ലഖ്‌നോ: ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെനെയ്ന്‍ ബുധനാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി ചൊവ്വാഴ്ചയാണ് ഫ്രഞ്ച് നയതനന്ത്രപ്രതിനിധി ലഖ്‌നോവിലെത്തിയത്. യുപിയും ഫ്രാന്‍സുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്ന്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.

യുപിയില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ഫ്രാന്‍സിലെ സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ എത്തുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതല്‍ ഫ്രഞ്ച് കമ്പനികള്‍ യുപിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു- ലാ മാര്‍ട്ടിനേര്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി നടന്ന സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ലഖ്‌നോ പാരമ്പര്യവും പൈതൃകവും ഉള്ള നഗരമാണെന്നും ലഖ്‌നോവുമായുള്ള ഫ്രാന്‍സിന്റെ ബന്ധം 18ാം നൂറ്റാണ്ടുമുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍, കോളജ്, സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലേക്ക് ക്ഷണിക്കുന്നതിനും ഫ്രാന്‍സിലെ വ്യവസായസ്ഥാപനങ്ങളെ യുപിയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സന്ദര്‍ശനം.

Similar News