അസമില്‍ നാല് വയസ്സുകാരിയെ ബലികൊടുത്തു; പിതാവടക്കം നാല് പേര്‍ അറസ്റ്റില്‍
ഗുവാഹത്തി: അസമിലെ ഛാരീഡിയോവില്‍ നാല് വയസ്സുകാരിയെ ബലികൊടുത്തു. ഛാരീഡിയോവിലെ സൊനാരിയിലാണ് ഞായറാഴ്ച രാത്രി നാല് വയസ്സുകാരിയെ ബലിയര്‍പ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും ഗ്രാമത്തിലെ പൂജാരിയെയും അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ സഹോദരിയാണ് വിവരം പോലിസില്‍ അറിയിച്ചത്.
തങ്ങളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന സഹോദരിയെ കാണാതായെന്നാണ് സഹോദരി അറിയിച്ചതെന്ന് ഛാരീഡിയോ ജില്ലാ എസ് പി സുധാകര്‍ സിങ് പറഞ്ഞു.
വിവരം അറിഞ്ഞ ഉടന്‍ പോലിസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അടുത്തുള്ള നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നദിക്കരയില്‍ നിന്ന് കുട്ടിയുടെ വസ്ത്രങ്ങളും ചില പൂജാ ദ്രവ്യങ്ങളും പോലിസ് കണ്ടെടുത്തു.
അതോടെ നടന്നത് നരബലിയാണെന്ന നിഗമനത്തിലേക്ക് പോലിസ് എത്തി. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെയും ഗ്രാമത്തിലെ പൂജാരിയെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇരുവരെയും സഹായികളെയും അറസ്റ്റ് ചെയ്തത്.
പിതാവും പൂജാരിയും സഫാരി തേയിലത്തോട്ടത്തിലെ പണിക്കാരും സുഹൃത്തുക്കളുമാണ്. പൂജാരിയുടെ വീട്ടില്‍ ഇയാള്‍ പാര്‍ട്ട് ടൈം ജോലിയുംചെയ്യുന്നുണ്ട്.
തനിക്കൊരു മാറാവ്യാധിയുണ്ടെന്നും നാല് വയസ്സുകാരിയെ ബലി കൊടുത്താല്‍ മാത്രമേ അത് ഇല്ലാതാവൂ എന്നും പൂജാരി സ്വപ്‌നം കണ്ടിരുന്നു. ഇക്കാര്യം അയാള്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചു. അയാളുടെ അനുവാദത്തോടെയാണ് മകളെ ബലിയര്‍പ്പിച്ചത്.
ഇരുവരും ചേര്‍ന്ന് മകളെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം നദിയിലെറിയുകയായിരുന്നു.
അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു.
