ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തില്‍ കെട്ടിതൂക്കി; അധ്യാപകര്‍ക്കെതിരേ കേസ്

Update: 2025-11-25 06:27 GMT

സൂരജ്പുര്‍: ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലു വയസുകാരനായ വിദ്യാര്‍ഥിയെ മരത്തില്‍ കെട്ടിത്തൂക്കിയ അധ്യാപികമാര്‍ക്കെതിരേ കേസ്. ഹാന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലെ കാജല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നീ അധ്യാപികമാരാണ് കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിയത്. കുട്ടിയുടെ വസ്ത്രം മാറ്റിയതിന് ശേഷം കയറുപയോഗിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു. കുട്ടി കരയുകയും അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അധ്യാപികമാര്‍ അവഗണിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിനിടയായിരിക്കുകയാണ്.

സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന ഒരു യുവാവാണ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ മരത്തില്‍ നിസ്സഹായനായി തൂങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കാണാം, അടുത്ത് തന്നെ കാജല്‍ സാഹുവും, അനുരാധ ദേവാംഗനും നില്‍ക്കുന്നുണ്ട്. ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ ഉടന്‍ ഇടപെടുകയായിരുന്നു.

നഴ്‌സറി ക്ലാസിലെ അധ്യാപികയായ കാജല്‍ സാഹു ഹോംവര്‍ക്ക് പരിശോധിക്കുന്നതിനിടെ കുട്ടി അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അധ്യാപിക കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും ശിക്ഷ നല്‍കുകയുമായിരുന്നു. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ ഡി എസ് ലാക്ര സ്‌കൂളിലെത്തി നേരിട്ട് അന്വേഷണം നടത്തി. അന്വേഷണ റിപോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: