ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു; 26 മരണം; 40ഓളം പേര്‍ക്ക് പൊള്ളലേറ്റു
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു. ഇതുവരെ 26 മൃതദേഹങ്ങള്‍ പുറത്തെടുത്തു. നാല്പതോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിലെ ഒരു നില ഇതുവരെയും പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മുണ്ട്ക സ്റ്റേഷനു സമീപത്തുള്ള വ്യാപാരസമുച്ചയത്തിലാണ് തീപടര്‍ന്നത്. 60-70 പേരെ ഇതുവരെ സുരക്ഷിതരായി പുറത്തെത്തിച്ചു.
വൈകീട്ട് 4.40ഓടെയാണ് തീപിടിച്ചവിവരം അഗ്നിശമന ഓഫിസില്‍ ലഭിക്കുന്നത്. 20ഓളം അഗ്നിശമന യന്ത്രങ്ങള്‍ ഉടന്‍ സജ്ജമാക്കി.
ഇതുവരെയും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല.
കമ്പനികളുടെ ഓഫിസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സമീര്‍ ശര്‍മ പറഞ്ഞു.
'ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപമുള്ള ഒരു കെട്ടിടത്തിലുണ്ടായ ദാരുണമായ തീപിടുത്തത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ'- സമീര്‍ ട്വീറ്റ് ചെയ്തു.