മേപ്പയ്യൂര്‍: രണ്ട് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിനു നേരെ ആക്രമണം തുടങ്ങിയിട്ട് നാലു മാസമായെങ്കിലും പ്രതികളെ പിടികൂടാനാകാതെ പോലിസ്. അരിക്കുളം പഞ്ചായത്തിലെ കാരയാട് രണ്ടാം വാര്‍ഡില്‍ തിരുമംഗലത്ത് മീത്തല്‍ പരേതനായ ഹസ്സന്റെ ഭാര്യ ഖദീജയും സഹോദരി പുത്രിയുമാണ് നിരന്തരം ആക്രമണത്തിന് വിധേയരാകുന്നത്. രാത്രിയിലും പകല്‍ സമയത്തും വീടിന് നേരെ കല്ലെറിയുക, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക, വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക, വാതിലില്‍ അടിക്കുക ഇങ്ങനെ ഭീതിപ്പെടുത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ മെയ് 30നാണ് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസം കല്ലേറില്‍ വിദ്യാര്‍ത്ഥിയായ ഫാത്തിമ ഷെറിന്റെ തലയ്ക്ക് മുറിവേറ്റിരുന്നു.