ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി
ഹൈദരാബാദ്: പതിനേഴ്കാരിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത വാര്‍ത്ത പുറത്തുവന്ന് തൊട്ടുപിന്നാലെ നാല് പെണ്‍കുട്ടികള്‍ക്കൂടി ബലാല്‍സംഗത്തിനിരയായി. നാല് പേരും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്.
മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ 12കാരിയെ രണ്ട് മുതിര്‍ന്നവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. മെയ് 31നാണ് ഈ സംഭവം നടന്നത്. ജൂണ്‍ 1ന് പോലിസ് പട്രോള്‍ പാര്‍ട്ടിയാണ് സുല്‍ത്താന്‍ഷാഹി പ്രദേശത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഒരു കാബ് ഡ്രൈവര്‍ പെണ്‍കുട്ടിയെ തന്റെ സുഹൃത്തിന്റെ കോണ്ടുര്‍ഗിലെ വീട്ടിലെത്തിച്ച് ഇരുവരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. 36 വയസ്സുള്ള ഷാഹിദ് കലീം അലി, മുഹമ്മദ് ലുഖ്മാന്‍ അഹ്മദ് യസ്ദാനി എന്നിവരാണ് പ്രതികള്‍. പോലിസ് ഇവരെ അറസ്റ്റ് ചെയ്തു.
രണ്ടാമത്തെ സംഭവം മെയ് 31നാണ് നടന്നത്. ഒരു ചില്ലറ വില്‍പ്പന കടയിലെ ജോലിക്കാരനായ മുഹമ്മദ് സുഫിയാനാണ് പ്രതി. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കല പത്തര്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.
മൂന്നാമത്തേത് ഒരു അനാഥപെണ്‍കുട്ടിയാണ്. ഏപ്രില്‍ 22ന് ഒരു കാറില്‍ വച്ചാണ് ബലാല്‍സംഗം നടന്നത്. സംഭവം ഇപ്പോഴാണ് പുറത്തായത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേക്ക് വാങ്ങാനായി കൂട്ടിക്കൊണ്ടുപോയി മറ്റൊരു സുഹൃത്ത് കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. അനാഥാലയത്തില്‍വച്ച് കയ്യില്‍ ഫോണ്‍ കണ്ടത് ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഭവം പുറത്തായത്. 23 വയസ്സുള്ള സുരേഷ് എന്നയാളാണ് പ്രതി. ഫോട്ടോകോപ്പി സ്ഥാനപത്തിലെ ജോലിക്കാരനാണ്.
നാലാമത്തെ കേസ് ഒരു തിയ്യറ്ററിനുളളില്‍ വച്ചാണ്. സിനിമകാണാന്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്നത് ഒരു മാസം മുമ്പാണ്. രാജേന്ദ്ര നഗര്‍ പോലിസ് കേസെടുത്തു.
പാര്‍ട്ടി കഴിഞ്ഞ തിരിച്ചുവരികയായിരുന്ന പതിനേഴ്കാരിയെ എംഎല്‍എയുടെ മകന്‍ അടക്കമുളള സ്‌കൂള്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വലിയ രാഷ്ട്രീയപ്രതിസന്ധിക്ക് കാരണമായിരുന്നു.
