ആന്ധ്രാപ്രദേശിലെ ഫാര്‍മസ്യൂട്ടിക്കല്‍ യൂനിറ്റില്‍ തീപ്പിടിത്തം; നാല് മരണം

Update: 2022-12-27 04:59 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അനകപ്പള്ളി ജില്ലയിലെ പറവാഡയിലുള്ള ജെഎന്‍ ഫാര്‍മസിറ്റിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ യൂനിറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖമ്മം സ്വദേശി രാംബാബു ബിംഗി (32), ഗുണ്ടൂരിലെ രാജേഷ് ബാബു തലസില (36), അനകപള്ളി ജില്ലയിലെ കെ കോട്ടപ്പാട് സ്വദേശി രാമകൃഷ്ണ റാപെട്ടി (30), ചോടവാരം അനകപ്പള്ളി ജില്ലയിലെ മജ്ജി വെങ്കട്ട റാവു (28) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ യെഡ്‌ല സതീഷിനെ ഷീല നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിനഗരം ജില്ലയില്‍ നിന്നുള്ള യെഡ്‌ല സതീഷ് ഫാര്‍മ യൂനിറ്റില്‍ എക്‌സിക്യൂട്ടീവാണ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയാക്ടര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ ടൊലുയിന്‍ ലായകത്തിന്റെ ചോര്‍ച്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഫാക്ടറി ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ വി സുരേഷ് പറഞ്ഞു. അപകട സമയത്ത് 500 ഓളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവസ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയതായി പറഞ്ഞ ഫാക്ടറി ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജില്ലാ കലക്ടര്‍ക്കും സംസ്ഥാന സര്‍ക്കാരിനും റിപോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചു. ഫാര്‍മ യൂനിറ്റ് സുരക്ഷാ ഓഡിറ്റ് നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അശ്രദ്ധയോ സാങ്കേതിക തകരാറോ മൂലമാണോ അപകടമുണ്ടായതെന്നും അന്വേഷിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി വ്യവസായ മന്ത്രി ഗുഡിവാഡ അമര്‍നാഥ് പറഞ്ഞു.

Tags: