പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മാണത്തിനെതിരേ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍
തൃശൂര്‍: പുന്നയൂര്‍ക്കുളം പെരിയമ്പലം കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ഥലത്തെത്തിയ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമം നടത്തിയതിന് നാലുപേരെ വടക്കേക്കാട് പോലിസ് അറസ്റ്റുചെയ്തു. അറസ്റ്റിലായത് കടല്‍ഭിത്തി നിര്‍മാണ വിരുദ്ധ സമിതി അംഗങ്ങളാണ്. അണ്ടത്തോട് കൊപ്പര വീട്ടില്‍ മുജീബ് റഹ്മാന്‍ (50), പെരിയമ്പലം ആലിമിന്റകത്ത് സൈനുല്‍ ആബിദ് (37), എടക്കഴിയൂര്‍ കൊളപ്പറമ്പില്‍ സൈഫുദ്ദീന്‍ (37), പഞ്ചവടി താനപ്പറമ്പില്‍ അബൂബക്കര്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പിന്നീട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ശനിയാഴ്ച രാവിലെ 11ഓടെ അണ്ടത്തോട് ബീച്ചില്‍ കരിങ്കല്ലുമായി എത്തിയ ലോറി മുജീബ് തടഞ്ഞിരുന്നു. പ്രതികള്‍ വന്ന കാറിന്റെ ചിത്രം ഓവര്‍സിയര്‍ എഡ്വിന്‍ വര്‍ഗീസ് മൊബൈലില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ എഡ്വിനെ കോളറില്‍ പിടിച്ചു തള്ളുകയും മൊബൈല്‍ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്‌തെന്നാണ് പരാതി.
കടല്‍ഭിത്തി നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പാണ് അറിയിച്ചുവരുന്നത്. ഭിത്തി കെട്ടുന്നത് കടല്‍ക്ഷോഭം രൂക്ഷമാക്കുമെന്നാണ് അവരുടെ വാദം. ഇതിനുമുന്‍പ് നിര്‍മിച്ച 10 മീറ്റര്‍ ഭിത്തി കഴിഞ്ഞ മഴയ്ക്ക് കടലെടുത്തുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും രണ്ടുലോഡ് കല്ല് ഇറക്കിയതില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടെന്നാണ് സമര സമിതി ഭാരവാഹികളുടെ ആരോപണം
