പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പുരോഹിതനടക്കം നാല് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ വെള്ളമെടുക്കാന്‍ ചെന്ന ഒമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ ബ്രാഹ്മണ പുരോഹിതന്‍ അടക്കം നാല് പേര്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
അമ്പത്ത് വയസ്സുകാരനായ ഡല്‍ഹി പുരാനി നംഗല്‍ ശ്മശാനത്തിലെ ബ്രാഹ്മണ പുരോഹിതന്‍ രാധേ ശ്യാം, ജീവനക്കാരനായ കുല്‍ദീപ് സിങ്, സലിം അഹ്മദ്, ലക്ഷ്മി നാരായന്‍ എന്നിവര്‍ക്കെതിരേയാണ് ഡല്‍ഹി കന്‍ഡോന്‍മെന്റ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഐപിസി 302 കൊലപാതകം, 506 കുറ്റകരമായി തടഞ്ഞ് വച്ച് ഭീഷണപ്പെടുത്തല്‍, എസ് സി എസ് ടി പീഡനനിരോധന നിയമം, പോക്‌സൊ നിയമം തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്.
ആഗസ്ത് 1 ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. അന്ന് വൈകീട്ട് ആറ് മണിക്ക് രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിപ്പിച്ചു. ആ സമയത്ത് മകള്‍ വീണു കിടക്കുന്നത് കണ്ട അമ്മയോട് പെണ്‍കുട്ടി കൂളറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചെന്ന് അയാള്‍ പറഞ്ഞു. മകളുടെ ചുണ്ട് കരുവാളിച്ചതും വസ്്ത്രം പിന്നിയതും എന്തുകൊണ്ടാണെന്ന് ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞില്ല. പോലിസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചിതയില്‍ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് കത്തിക്കുകയായിരുന്നു.
ശ്മശാനത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന അമ്മയെ കണ്ട അയല്‍ക്കാരിക്ക് സംശയം തോന്നി കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഷോക്കേറ്റ് മകള്‍ മരിച്ചതും സംസ്‌കരിച്ചതും പറഞ്ഞത്. അയല്‍ക്കാരി ആളുകളെ വിളിച്ചുകൂട്ടി ശ്മശാനത്തിലെത്തി. ആ സമയത്ത് പ്രതിയും കൂട്ടുപ്രതികളും മദ്യപിക്കുകയായിരുന്നു. അവര്‍ കൂട്ടമായി ചോദ്യം ചെയ്തതോടെ പ്രതി ഭയന്നു. ചിത അണച്ച് കത്തിത്തീര്‍ന്നിട്ടില്ലാത്ത ഭാഗങ്ങള്‍ അവര്‍ വീണ്ടെടുത്തു. പക്ഷേ, കാല് മാത്രമാണ് ലഭിച്ചത്. ആ സമയത്താണ് പുരോഹിതനും കൂട്ടാളികളും ബലാല്‍സംഗം ചെയ്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. കൊലപാതകം കുടുംബവും അയല്‍ക്കാരും പോലിസിലറിയിച്ചെങ്കിലും അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. ജനങ്ങള്‍ മൂന്ന് ദിവസ്‌ത്തോളം കുത്തിയിരിപ്പ് നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായത്.

