കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ ഹാച്ചറി കേന്ദ്രത്തിന് പുതിയങ്ങാടിയില്‍ തറക്കല്ലിട്ടു
പുതിയങ്ങാടി: കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ-കടല്‍ മല്‍സ്യ ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്ലുമ്മക്കായ വിത്തുല്‍പ്പാദനത്തിനാവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും, കടല്‍ മല്‍സ്യങ്ങളുടെ വിത്തുല്‍പ്പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂനിറ്റ്, ആല്‍ഗല്‍ കള്‍ച്ചര്‍ യൂനിറ്റ്, പൊരുന്ന മല്‍സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്‍പ്പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിങ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 ാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. 5 കോടി രൂപ ചെലവിലാണ് മല്‍സ്യ വിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. വിത്തുല്‍പ്പാദനത്തിനും റെയറിങ്ങിനുമായി 1208.6 ചതുരശ്ര മീറ്ററില്‍ ഹാച്ചറി കെട്ടിടം, 133 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് സംവിധാനം, 30 ടണ്‍ കപ്പാസിറ്റിയുള്ള എഫ്ആര്‍പി ടാങ്ക്, മല്‍സ്യ വിത്തുല്‍പ്പാദന കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബ്ലോവറുകള്‍, ഓസണേറ്റര്‍, റാപ്പിഡ് സാന്റ് ഫില്‍ട്ടറുകള്‍, സ്ലോ സാന്റ് ഫില്‍ട്ടറുകള്‍, ആധുനിക പ്ലംബിങ് സംവിധാനം, വൈദ്യുതീകരണ പ്രവൃത്തികള്‍ എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കുക.
അധ്യക്ഷത വഹിച്ച ടി വി രാജേഷ് എംഎല്‍എ ഹാച്ചറിയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. കെ എസ് സിഎഡിസി ചീഫ് എന്‍ജിനീയര്‍ എം എ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, മാടായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, സിഎംഎഫ് ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡയറക്ടര്‍ സി എ ലത, അഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
