പെരിന്തല്‍മണ്ണ ഗവ.ആയുര്‍വേദ ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തി
1959ല്‍ ആരംഭിച്ച പെരിന്തല്‍മണ്ണ ഗവ.ആയുര്‍വേദ ആശുപത്രി ആയുര്‍വേദ ചികിത്സാരംഗത്ത് പെരിന്തല്‍മണ്ണ താലൂക്കിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്
നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: നഗരസഭയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗവ: ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുള്ള ശിലാസ്ഥാപന കര്‍മ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു.
1959ല്‍ ആരംഭിച്ച പെരിന്തല്‍മണ്ണ ഗവ.ആയുര്‍വേദ ആശുപത്രി ആയുര്‍വേദ ചികിത്സാരംഗത്ത് പെരിന്തല്‍മണ്ണ താലൂക്കിലെ തന്നെ നിരവധി പേര്‍ ആശ്രയിക്കുന്ന ഒന്നാണ്. ജൂബിലി റോഡിലെ നിലവിലുള്ള കെട്ടിടം കാലപ്പഴക്കം കൊണ്ടും രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെയും ഇനിയൊരു നവീകരണം സാധ്യമാവാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചോലോം കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അര ഏക്കര്‍ സ്ഥലത്ത് നവീന വാസ്തുമാതൃകയില്‍ ആശുപത്രി നിര്‍മിക്കുന്നത്.
29000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിട്ടത്തിന്റെ ബേസ്‌മെന്റ് ഫ്‌ലോറില്‍ വാഹന പാര്‍ക്കിംഗ് അടുക്കള, സ്‌റ്റോര്‍ റൂം, താഴെ നിലയിലും ഒന്നാം നിലയിലുമായി 50 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന 7 വാര്‍ഡുകള്‍, ഒ.പി വിഭാഗം, ഉഴിച്ചില്‍, ഫാര്‍മസി വിഭാഗങ്ങള്‍, ടൊയ്‌ലറ്റ്, വിശ്രമമുറികള്‍ എന്നിവ ഉള്‍പ്പെടുന്നു. 5 കോടി രൂപ നിര്‍മാണ ചെലവ് വരുന്നതില്‍ 75 ലക്ഷം രൂപ ദേശീയ ആയുഷ് മിഷന്‍ വിഹിതമായും ബാക്കി നഗരസഭയുടെ ഫണ്ടുപയോഗിച്ചുമാണ് നിര്‍മിക്കുക.
പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുമേഖലാ കമ്പനിയായ എഫ്.എ.സി.ടി.ആര്‍ സി.എഫ് ആണ് നിര്‍മാണം നടത്തുന്നത്. 4 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായ എ.യു എസ് കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.
നഗരസഭയുടെ നാലാം വാര്‍ഷികം പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന വികസന സപ്ലിമെന്റിന്റെ പ്രകാശനവും ഭൂരഹിതരായ 400 കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം നിര്‍മിക്കുന്നതിലേക്ക് കമ്പനികളും വ്യക്തികളും നല്‍കുന്ന സംഭാവന ഏറ്റുവാങ്ങലും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.
പി.ടി ഗ്രൂപ്പ് ചെയര്‍മാന്‍ പി.ടി അന്‍വര്‍, അല്‍ ശിഫ ചെയര്‍മാന്‍ ഡോ. ഉണ്ണീന്‍ ഹാജി, പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പാറക്കോട്ടില്‍ ഉണ്ണി, മൗലാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ശ്രീരാമദാസ്, സഫാ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ, തറയില്‍ ഗ്രൂപ്പ് മാനേജര്‍ നൗഷാദ്, പി എം ഫിഷ് ഡയറക്ടര്‍ എന്നിവരില്‍ നിന്നുമാണ് ഫണ്ട് സ്വീകരിച്ചത്. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം അധ്യക്ഷനായ ചടങ്ങില്‍ ഡി.എം.ഒ ഐ.എസ്.എം ഡോ: കെ സുശീല ബേബി മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍പെഴ്‌സണ്‍ നിഷി അനില്‍ രാജ്, മുനിസിപ്പല്‍ സെക്രട്ടറി എസ്. അബ്ദുല്‍ സജിം, ദേശീയ ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, എ. രതി, പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, ദേശീയ ആയുഷ്മിഷന്‍ സംസ്ഥാന സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍. പ്രസന്നകുമാര്‍, സിപിഎം ഏരിയ സെക്രട്ടറി ഇ രാജേഷ്, കോണ്‍ഗ്രസ് പ്രതിനിധി വി. ബാബുരാജ്, ഫാക്റ്റ്-ആര്‍സിഎഫിന്റെ ദിനേശ്, ദേശീയ ആയുഷ്മിഷന്‍ ജില്ലാം പ്രോഗ്രാം മാനേജര്‍ ഡോ. കബീര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ആശുപത്രി ഡോ മുഹമ്മദ് സലിം, മനോജ് കുമാര്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍-മണ്ണാര്‍ക്കാട്) കെ സുബ്രഹ്മണ്യന്‍ (വ്യാപാരി വ്യവസായിസമിതി ) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ് കുമാര്‍ നന്ദി പറഞ്ഞു.

