കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ യുത്ത് ലീഗ് നേതാവ് യൂസുഫ് പടനിലം

Update: 2021-03-18 14:12 GMT

താനൂര്‍: കത്വ -ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം യൂസുഫ് പടനിലം. താനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ഇത്രയേറെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുസ്‌ലിം ലീഗ് നേതൃത്വം മൗനം പാലിക്കുകയാണ്. ഫണ്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും നേതൃത്വം മൗനം തുടരുകയാണെന്ന് യൂസുഫ് പടനിലം ആരോപിച്ചു.

2018 ഏപ്രില്‍ 20ന് ഫണ്ട് പിരിവ് നടത്തുമെന്ന് മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തില്‍ സംസ്ഥാനത്തുടനീളം പരസ്യം നല്‍കിയാണ് ഫണ്ട് പിരിവ് നടത്തിയത്. മലപ്പുറം ജില്ലയില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നത് വ്യാജമാണെന്നും യൂസഫ് പടനിലം പറഞ്ഞു.

ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് ആദ്യമായി പറഞ്ഞത് പാണക്കാട് മുയീനലി തങ്ങളായിരുന്നു. നാട്ടില്‍ നിന്നും പിരിച്ചെടുത്ത പണം സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ കൈകളിലാണെന്നും അതിന് കൃത്യമായ മറുപടി ജനങ്ങളോട് പറയണമെന്നും യൂസുഫ് പടനിലം ആവശ്യപ്പെട്ടു.

Tags: