യുപി മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് മന്ത്രി

Update: 2022-03-01 18:40 GMT

ലഖ്‌നോ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതായി ഫാസില്‍ നഗര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന സ്വാമി പ്രസാദ് മൗര്യ. ബിജെപിയില്‍നിന്ന് രാജിവച്ചാണ് സ്വാമി പ്രസാദ് ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. തനിക്കെതിരേ ആക്രമണം അഴിച്ചുവിട്ടത് ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.

അദ്ദേഹത്തിന്റെ മകളും ബിജെപി എംപിയുമായ സംഘമിത്ര മൗര്യയും ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ചു.

തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി പൂജ്യത്തിലേക്ക് ചുരുങ്ങിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ആക്രമണത്തെ അദ്ദേഹം അപലപിച്ചു.

വലിയ ലാത്തിയും കല്ലുമായാണ് ബിജെപിക്കാര്‍ തന്നെ ആക്രമിച്ചതെന്നും വിഷുപുര ഖാന്‍വാപട്ടി ഗ്രാമത്തില്‍വച്ചായിരുന്നു ആക്രമണമെന്നും മൗര്യ പറഞ്ഞു.

മൗര്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റോഡ് ഷോ ഗ്രാമം വഴിയാണ് കടന്നുപോയത്. ആ സമയത്താണ് ആക്രമണവും നടന്നത്. ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഒരു ഡ്രൈവറുടെ കേള്‍വിശക്തിയും പോയി.

മറ്റൊരു വാഹനത്തില്‍ കയറിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മന്ത്രി പറയുന്നു.

Tags:    

Similar News