സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം; ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍
കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രസിഡന്റായിരിക്കെ നടത്തിയ വിദേശയാത്രകളുമായി ബന്ധപ്പെട്ടതാണ് കുറ്റം. 2023 സെപ്തംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. യുഎസില്‍ നടന്ന ഒരു ഔദ്യോഗിക ചടങ്ങിന് ശേഷമാണ് വിക്രമസിംഗെ സര്‍ക്കാര്‍ ചെലവില്‍ യുകെ സന്ദര്‍ശിച്ചത്
വെള്ളിയാഴ്ച തലസ്ഥാനമായ കൊളംബോയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ അദ്ദേഹം, നേരത്തെ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) മൊഴി നല്‍കിയിരുന്നു.2022 മുതല്‍ 2024 വരെ വിക്രമസിംഗെ പ്രസിഡന്റായിരുന്നു. രാജ്യം കണ്ട ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ ഗോതബയ രാജപക്‌സെ പലായനം ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് എത്തിയത്.
ശ്രീലങ്കയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ മുന്‍ രാഷ്ട്രത്തലവനാണ് വിക്രമസിംഗെ, കഴിഞ്ഞ വര്‍ഷം മുന്‍ സര്‍ക്കാരുകളുടെ കീഴില്‍ അഴിമതി ആരോപണവിധേയരായവരെ ശിക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് അദ്ദേഹം അധികാരത്തില്‍ വന്നത്.