ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ് ലിം ലീഗില്‍ ചേര്‍ന്നു

Update: 2026-04-03 12:57 GMT

കോഴിക്കോട്: ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി പൊറ്റങ്ങാടി കിഷന്‍ചന്ദ് മുസ് ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് കിഷന്‍ചന്ദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നുമാണ് കിഷന്‍ചന്ദ് മുസ് ലിം ലീഗ് അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ കിഷന്‍ചന്ദിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ് അടക്കം ഒരു വിഭാഗം നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ആര്‍ജെഡി പരാജയപ്പെട്ടിരുന്നു. ഇതില്‍ മൂന്നിടത്ത് സിപിഎം കാലുവാരിയെന്നായിരുന്നു കിഷന്‍ചന്ദ് അടക്കമുള്ളവരുടെ ആരോപണം. ഇതിനു പിന്നാലെ സിപിഎമ്മുമായി കിഷന്‍ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം അകന്നിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് എം കമലം അനുസ്മരണ പരിപാടിയില്‍ കിഷന്‍ചന്ദ് പങ്കെടുത്തു. സിപിഎം വോട്ട് മറിച്ച രാഷ്ട്രീയ പ്രസ്ഥാനമെന്ന് കിഷന്‍ചന്ദ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കിഷന്‍ചന്ദ് നിലപാട് കടുപ്പിച്ചു. മാര്‍ച്ച് 25ന് കോഴിക്കോട് നടന്ന യുഡിഎഫ് റാലിയില്‍ കിഷന്‍ചന്ദ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കിഷന്‍ചന്ദിനെ ആര്‍ജെഡി പുറത്താക്കിയത്.

Tags: