മുന്‍ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Update: 2026-01-31 10:42 GMT

കോട്ടയം: മുന്‍ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടത്തും. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി.

കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിതാവിന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. 19ാം വയസ്സില്‍ തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തില്‍ സജീവമായത്.

1971ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍വാസത്തിനിടയില്‍ വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടില്‍ ഒരു തയ്യല്‍ കട നടത്തിയാണ് ജീവിതം നയിച്ചത്. കുറച്ചുകാലം സുവിശേഷ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ചരിത്രശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, അര്‍ദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍. 'വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ' എന്ന പേരില്‍ തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: