ടിവി രാജേഷ് ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍; 11 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടി ചെയര്‍മാന്മാരായി

കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ തീരുമാനിച്ചു.

Update: 2021-12-08 12:10 GMT

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള 11 പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ചെയര്‍മാന്‍മാരെ തീരുമാനിച്ച് ഉത്തരവിറങ്ങി. കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക് (കെ.സി.സി.പി.എല്‍) ചെയര്‍മാനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ ടിവി രാജേഷിനെ നിയമിച്ചു.

ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ചെയര്‍മാനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവിനെ നിശ്ചയിച്ചു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം പ്രകാശന്‍ മാസ്റ്റര്‍ ആണ് കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍സ് ചെയര്‍മാന്‍. ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹാന്‍വീവ് ) ചെയര്‍മാനായി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മാസ്റ്ററെ നിശ്ചയിച്ചു. കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ തീരുമാനിച്ചു.

സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്‌സ് അപ്പക്‌സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്‌സ്) ചെയര്‍മാനായി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള ചുമതലയേല്‍ക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ മഹേന്ദ്രന്‍ ആണ് ആലപ്പി സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍.

ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദിനെ കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് ചെയര്‍മാനായി നിശ്ചയിച്ചു. കേരളാ സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ചെയര്‍മാനായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം ജി.വേണുഗോപാലിനെയാണ് നിയമിച്ചിരിക്കുന്നത്.

ആലുവയിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ (എഫ്.ഐ.ടി) ചെയര്‍മാനായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആര്‍ അനില്‍കുമാര്‍ ചുമതലയേല്‍ക്കും. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം നെടുവത്തൂര്‍ സുന്ദരേശനേയും നിയമിച്ചു.

Tags: