മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമംഗവും അസിസ്റ്റന്റ് കമാന്‍ഡന്റുമായ ലിസ്റ്റണ്‍ അന്തരിച്ചു

സത്യന്‍, എം എം വിജന്‍, ഷറഫലി, സി വി പാപ്പച്ചന്‍, കുരികേശ് മാത്യു, തുടങ്ങിയവരുണ്ടായിരുന്ന കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ലിസ്റ്റണ്‍.

Update: 2021-03-13 04:08 GMT
തൃശൂര്‍: മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമംഗം സി.എ. ലിസ്റ്റണ്‍ (54) അന്തരിച്ചു . കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയാണ്. സത്യന്‍, എം എം വിജന്‍, ഷറഫലി, സി വി പാപ്പച്ചന്‍, കുരികേശ് മാത്യു, തുടങ്ങിയവരുണ്ടായിരുന്ന കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ലിസ്റ്റണ്‍. ലിസ്റ്റന്റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്.


ഫുട്‌ബോള്‍ താരമായിരുന്ന അച്ഛന്‍ സി.ഡി. ആന്റണിയില്‍ നിന്നും കളിപഠിച്ചാണ് ലിസ്റ്റണ്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. തൃശൂര്‍ ജില്ലാ ജൂനിയര്‍ ടീമിലും പിന്നീട് കോളെജ് പഠനകാലത്ത് കേരള വര്‍മ ടീമിലും ലിസ്റ്റണ്‍ ഇടം നേടി. 1985ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായി. മൂന്ന് വര്‍ഷം അശുതോഷ് മുഖര്‍ജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുന്‍നിര സ്‌ട്രൈക്കറായിരുന്നു ലിസ്റ്റന്‍. തുടര്‍ന്ന് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിലും ഇടം നേടി.


1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമാകുന്നത്. കോഴിക്കോട് നാഗ്ജി ട്രോഫിയില്‍ കളിച്ച ജൂനിയര്‍ ഇന്ത്യന്‍ ടീമിലും ലിസ്റ്റന്‍ ബൂട്ടണിഞ്ഞു. അന്ന് ലിസ്റ്റന്റെ ഗോളിലാണ് ഇന്ത്യന്‍ യുവനിര കരുത്തരായ മോഹന്‍ബഗാനെ കോഴിക്കോട്ട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മുട്ടുകുത്തിച്ചത്. 1988ലാണ് ലിസ്റ്റണ്‍ കേരള പോലീസിലെത്തിയത്. പിന്നീട് 10 വര്‍ഷത്തോളം കേരളാ പോലിസ് ഫുട്‌ബോള്‍ ടീമിന്റെ ജൈത്രയാത്രയില്‍ ലിസ്റ്റണും പങ്കാളിയായിരുന്നു.




Tags: