ബിജെപി നേതാക്കളെ നായ്ക്കളോട് ഉപമിച്ച് കര്‍ണാടക കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി

Update: 2022-06-09 15:18 GMT

ബെംഗളൂരു: ബിജെപി നേതാക്കളെ നായ്ക്കളോട് ഉപമിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ സംസാരിക്കുമ്പോള്‍ 25 ബിജെപിക്കാര്‍ വേട്ടനായ്ക്കളെപ്പോലെ തന്റെ നേരെ കുരച്ചുചാടിയെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രയോഗം. സിദ്ധരാമയ്യക്കെതിരേ ബിജെപിക്കാര്‍ പ്രതിഷേധിച്ചു. 

'ഞാന്‍ സംസാരിക്കുമ്പോള്‍, ബിജെപിയിലെ 25 പേര്‍ മുധോള്‍ (വേട്ട നായ്ക്കള്‍) നായ്ക്കളെപ്പോലെ എനിക്കെതിരെ കുരയ്ക്കാന്‍ തുടങ്ങി. പക്ഷേ അവര്‍ കുരയ്ക്കുമ്പോള്‍ എനിക്ക് മാത്രമേ സംസാരിക്കാനുള്ളൂ, ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് മറ്റാരും സംസാരിക്കില്ല- മൈസൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ വേട്ടപ്പട്ടികളാണ് മധൂള്‍ നായ്ക്കള്‍.

ഞങ്ങളുടെ ആളുകള്‍ ഇങ്ങനെ സംസാരിക്കില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.

പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നതിനെതിരേ വിധാന്‍സഭയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തു. പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'പാഠപുസ്തക പരിഷ്‌കരണകമ്മിറ്റി തീരുമാനം പിന്‍വലിക്കുമെന്ന് കരുതുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ തെരുവിലിറങ്ങും'- അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2020ലാണ് പാഠപുസ്തക പരിഷ്‌കരണത്തിനുവേണ്ടി കമ്മിറ്റിയെ നിയോഗിച്ചത്.