ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന് കത്തെഴുതി മുന്‍ ഇസ്രായേലി കമാന്‍ഡര്‍മാര്‍
ജറുസലേം: ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇടപെടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കത്തെഴുതി മുന്‍ ഇസ്രായേലി കമാന്‍ഡര്‍മാര്‍. ഇസ്രായേലി സൈന്യത്തിലെയും രഹസ്യാന്വേഷണ ഏജന്‍സികളിലെയും 550ലധികം മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന ഒരു സംഘമാണ് ട്രംപിന് കത്തെഴുതിയത്.
തങ്ങളുടെ പ്രദേശത്തേക്കുള്ള ട്രംപിന്റെ സന്ദര്‍ശനം ഗസയിലെ 'നമ്മുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും' 'യുദ്ധം അവസാനിപ്പിക്കാനും' ഉപയോഗിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
'നിരപരാധികളുടെ മരണവും കഷ്ടപ്പാടും അവസാനിപ്പിക്കാനും, ഒരു പ്രാദേശിക സുരക്ഷാ സഖ്യത്തിന് വഴിയൊരുക്കാനും' ഇസ്രായേല്‍ സുരക്ഷാ കമാന്‍ഡേഴ്‌സ് ട്രംപിനോട് ആവശ്യപ്പെട്ടു. യുദ്ധം തുടരുകയാണെങ്കില്‍, വെസ്റ്റ് ബാങ്കിലെ പ്രാദേശിക സ്ഥിരതയെ അത് വെല്ലുവിളിക്കും. ഏറ്റവും പ്രധാനമായി, അത് നമ്മുടെ ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ കൂട്ടിചേര്‍ത്തു.