ശ്രീനഗര്‍: ജമ്മു കശ്മീരില്‍നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ സര്‍വീസില്‍ തിരിച്ചെത്തുന്നു. ഫൈ ഫൈസലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍വീസിലേക്കുള്ള തിരിച്ചുപോക്ക് ഉറപ്പായത്. അദ്ദേഹം ഏത് തസ്തികയിലേക്കാണ് തിരിച്ചെത്തുകയെന്നത് വ്യക്തമല്ല.
ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉപദേശകനായേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചായിരുന്നു ഷാ ഫൈസലിന്റെ രാജി. അതിനുശേഷം അദ്ദേഹം സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചു. പക്ഷേ, അത് ഏറെ മുന്നോട്ടുപോകും മുമ്പ് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
ജമ്മു കശ്മീരില്‍നിന്ന് യുപിഎസ് സി പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചയാളാണ് ഫൈസല്‍.
തന്റെ ആദര്‍ശവാദമാണ് രാജിയില്‍ കലാശിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസം തന്റെ ജീവിതത്തിലെ നിര്‍ണായകമായ കാലമായിരുന്നുവെന്നും വര്‍ഷങ്ങളായി താന്‍ നേടിയ എല്ലാം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും ചെയ്ത തെറ്റുകള്‍ തിരുത്തുമെന്നും ഇത് തന്റെ രണ്ടാം ജീവിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളിലും സൈനിക അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. തുടര്‍ന്ന് 2019 ആഗസ്റ്റില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മന്റ് (ജെകെപിഎം) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു.
ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് അടക്കമുള്ളവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്.
