ഹരിയാന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അശോക് തന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Update: 2021-02-25 19:18 GMT

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അശോക് തന്‍വര്‍ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.'അപ്ന ഭാരത് മോര്‍ച്ച' എന്ന പേരിലുള്ള പാര്‍ട്ടി രാജ്യത്തിന്റെ വൈവിധ്യത്തോടൊപ്പം ഐക്യവും ധാര്‍മ്മികതയും ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.മുന്‍ ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് കിരിത് പ്രദ്യുത് ഡെബ് ബാര്‍മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി രൂപീകരണത്തില്‍ പങ്കെടുത്തു.


2009- 2014 കാലത്ത് ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു തന്‍വര്‍. 2019 ഒക്ടോബറില്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപം നടത്തിയ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തിന് പകരം കുമാരി സെല്‍ജയെ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവുമാക്കിയിരുന്നു.




Tags: