മുന്‍ ജില്ലാ ജഡ്ജി പിഎക്യു മീരാന്‍ നിര്യാതനായി
ഖബറടക്കം ഇന്നു ഉച്ചയ്ക്ക് ഒന്നിന് തത്തമംഗലം ഹനഫി ജുമാ മസ്ജിദില്‍.
തത്തമംഗലം( പാലക്കാട്): മുന്‍ ജില്ലാ ജഡ്ജി തത്തമംഗലം കടവളവ് പെരിയ വീട്ടില്‍ പിഎക്യു മീരാന്‍ (101)നിര്യാതനായി. ഖബറടക്കം ഇന്നു ഉച്ചയ്ക്ക് ഒന്നിന് തത്തമംഗലം ഹനഫി ജുമാ മസ്ജിദില്‍.
ഭാര്യ: പരേതയായ ആമിന. മക്കള്‍: പി ക്യു ലിയാഖത്ത് അലി, പി ക്യു ബര്‍ക്കത്തലി (ഹൈക്കോടതി റിട്ട. ജസ്റ്റിസ്), ഡോ.പി ക്യു ഷഹാബുദീന്‍ (മണ്ണാര്‍ക്കാട് ക്രസന്റ് ഹോസ്പിറ്റല്‍), പി ക്യു നിലോഫര്‍നീസ്. മരുമക്കള്‍: എന്‍ എച്ച് സൈബുന്നീസ, എം യാസ്മിന്‍, എം ലൈല, പരേതനായ എ ഹാഫിസ്.
കണിശ നീതി, ലളിതജീവിതം
കൈവിടാത്ത ലാളിത്യം, വ്യവഹാര കാര്യങ്ങളിലെ കണിശത, സാമൂഹിക വിഷയങ്ങളിലെ കൃത്യമായ ഇടപെടല്‍. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ജില്ലാ ജഡ്ജി മീരാനെക്കുറിച്ച് അദ്ദേഹത്തെ അറിയുന്നവരുടെ ഓര്‍മകളാണിത്. ഉന്നതങ്ങളിലേക്കു നടന്നുകയറുമ്പോഴും ആര്‍ഭാടങ്ങളെ അകറ്റിനിര്‍ത്തിയ മീരാന്‍ ജീവിതാവസാനം വരെ അതു പാലിക്കാനും ശ്രദ്ധിച്ചു. രണ്ടു തവണ പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. എംഇഎസ് സ്ഥാപനത്തിലും ശ്രദ്ധേയ പങ്കു വഹിച്ചു. 1936ല്‍ ഗവ. വിക്ടോറിയ കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പഠനവും സെന്റ് തോമസ് കോളജില്‍നിന്നു ബിരുദവും പൂര്‍ത്തിയാക്കി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായാണു തുടക്കം. 1950ല്‍ ഒറ്റപ്പാലം മുന്‍സിഫായി.
പിന്നീട് തിരൂര്‍, തളിപ്പറമ്പ്, കൊയിലാണ്ടി കോടതികളിലും സേവനമനുഷ്ഠിച്ചു. 1965 വടകരയില്‍ സബ് ജഡ്ജായി. കോഴിക്കോട്ടേയും ഒറ്റപ്പാലത്തെയും സേവനത്തിനുശേഷം 1968 മുതല്‍ 1970 വരെ തലശ്ശേരിയിലും കോട്ടയത്തും ജില്ലാ ജഡ്ജിയായി. സി എച്ച് മുഹമ്മദ് കോയ മന്ത്രിയായിരുന്നപ്പോള്‍ നിയമ സെക്രട്ടറിയായി. തൃശൂരില്‍ വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി ആയിരിക്കെ 1974 ഡിസംബര്‍
31നാണു മീരാന്‍ വിരമിച്ചത്. പിന്നീട് കള്ളക്കടത്തു കേസുകളിലെ ശിക്ഷ നടപ്പാക്കുന്ന മിസ അഡൈ്വസറി ബോര്‍ഡ് അംഗമായി. 40 വര്‍ഷത്തിലധികമായി തത്തമംഗലത്തെ ഷംസുല്‍ ഇസ്‌ലാം ഹനഫി ജമാഅത്ത് പള്ളിയുടെ പ്രസിഡന്റും ഷാദി മഹല്‍ റിലീഫിങ് കമ്മിറ്റിയുടെ മാനേജിങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം.
