ബിജെപിയുമായി സഖ്യം: ജെജെപിയില്‍ പൊട്ടിത്തെറി; മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ രാജിവച്ചു
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കത്താറിനെതിരേ മത്സരിച്ച മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് സഖ്യത്തില്‍ പ്രതിഷേധിച്ച് രാജിവച്ചത്.
ചണ്ടിഗഡ്: ഹരിയാനയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജനനായക് ജനതാ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കത്താറിനെതിരേ മത്സരിച്ച മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് സഖ്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് തേജ് ബഹാദൂര്‍ ജെജെപിയില്‍ ചേര്‍ന്നത്.
ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്കെതിരേ വാരണസിയില്‍ സമാജ്‌വാദി ടിക്കറ്റില്‍ തേജ് ബഹാദൂര്‍ മത്സരിച്ചിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവസാന നിമിഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശപത്രിക തള്ളി.
ജെജെപിയും ബിജെപിയും തമ്മില്‍ സഖ്യത്തിലായ വാര്‍ത്ത പുറത്തുവന്നതിനുശേഷം തേജ് ബഹാദൂര്‍ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ ജെജെപിയെ ബിജെപിയുടെ ബി ടീം എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ട് പാര്‍ട്ടികളെയും ജനങ്ങള്‍ തള്ളിക്കളയണം. ജനങ്ങള്‍ ബിജെപിയെ പുറത്തുനിര്‍ത്തിയെങ്കിലും അവരുമായി സഖ്യമുണ്ടാക്കി വീണ്ടും അധികാരത്തിലെത്തിച്ചതിലൂടെ ജനഹിതത്തിനെതിരായാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
90 അംഗ നിയമസഭയില്‍ 40 സീറ്റ് മാത്രം നേടിയ ബിജെപിക്ക് അധികാരത്തിലെത്താന്‍ 6 സീറ്റിന്റെ കുറവുണ്ട്. ജെജെപിയുമായി സഖ്യം സ്ഥാപിച്ച് മന്ത്രിസഭ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം.
