പട്‌ന: ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ മേവാലാല്‍ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ അദ്ദേഹം താരാപൂരില്‍ നിന്നുള്ള എംഎല്‍എയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മേവാലാലിന് കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ വര്‍ധിച്ചത്.
പട്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 68 വയസ്സായിരുന്നു. ഏതാനും ദിവസമായി അദ്ദേഹം ഇതേ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.
മേവാലാല്‍ മികച്ച വിദ്യാഭ്യാസപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ഇതുവരെ ബീഹാറില്‍ കൊവിഡ് ബാധിച്ച് നിരവധി പ്രമുഖ രാഷ്ട്രീയനേതാക്കള്‍ മരിച്ചിട്ടുണ്ട്. മന്ത്രിമാരായിരുന്ന കപില്‍ദേവ് കമ്മത്ത്, വിനോദ് കുമാര്‍ സിങ്, കേന്ദ്ര മന്ത്രിയായിരുന്ന രഘുവന്‍ഷ് പ്രസാദ് സിങ് തുടങ്ങിയവര്‍ കൊവിഡ് ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
നിതീഷ് കുമാര്‍ കാബിനറ്റില്‍ അംഗമായിരുന്ന ചൗധരി അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.