എത്ര മുന്‍ സൈനികര്‍ക്ക് മഹീന്ദ്ര ജോലിനല്‍കി; അഗ്നിപഥിനെ പിന്തുണച്ച ആനന്ദ് മഹീന്ദ്രക്കെതിരേ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

Update: 2022-06-21 05:23 GMT

മുംബൈ: അഗ്‌നിപഥ്പദ്ധതിയെ ന്യായീകരിച്ചും വിരമിച്ചുവരുന്ന അഗ്‌നിവീറുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുമുളള മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനെതിരേ മുന്‍സൈനിക ഉദ്യോഗസ്ഥര്‍. മഹിന്ദ്ര ഗ്രൂപ്പില്‍ ഇതിനുമുമ്പ് എത്ര വിരമിച്ച സൈനികര്‍ക്ക് ജോലി നല്‍കിയെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ചോദിച്ചു. അഗ്നിപഥിനെ പിന്തുണച്ചുള്ള മഹീന്ദ്രയുടെ പോസ്റ്റിന് മറുപടിയായാണ് പലരും ട്വീറ്റ് ചെയ്തത്. 

തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര, അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. അഗ്‌നിപഥ് പദ്ധതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും വിരമിക്കുന്ന സൈനികര്‍ക്ക് ജോലി നല്‍കുമെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. നാല് വര്‍ഷം കൊണ്ട് അഗ്‌നിവീറുകള്‍ വലിയ പരിശീലനം നേടും. അത് അവരെ നല്ല തൊഴിലാളികളാക്കി മാറ്റും. വിരമിച്ചുവരുന്ന അഗ്‌നിവീറുകളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിലേക്കുള്ള കരാര്‍ നിയമനമാണ് അഗ്‌നിപഥ് പദ്ധതി. അതുപ്രകാരം ജോലിക്കു കയറുന്നവരില്‍ 25 ശതമാനമൊഴിച്ചുള്ളവരെ നാല് വര്‍ഷത്തിനു ശേഷം പിരിച്ചുവിടും. പിരിയുമ്പോള്‍ അവര്‍ക്ക് ചെറിയ തുക നഷ്ടരിഹാരമായി നല്‍കും. പെന്‍ഷന്‍ ആനുകൂല്യമുണ്ടാവില്ല.

'ഈ പുതിയ സ്‌കീം വരുന്നവരെ എന്തിന് കാത്തിരിന്നു? മഹേന്ദ്ര ഗ്രൂപ്പ് ഇതുവരെ, ഉയര്‍ന്ന വൈദഗ്ധ്യവും അച്ചടക്കവുമുള്ള എത്ര മുന്‍സൈനികരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സൈനികരാണ് വിരമിച്ച ശേഷം രണ്ടാമതൊരു ജോലിക്കുവേണ്ടി ശ്രമിക്കുന്നത്. നിങ്ങളുടെ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിടാമോ'- ഇന്ത്യന്‍ നാവികസേന മുന്‍ മേധാവിയും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ അരുണ്‍ പ്രകാശ് ട്വീറ്റ് ചെയ്തു.

ഇതുപോലൈാരു പദ്ധതി വരുന്നതുവരെ സൈനികരെ എടുക്കാതിരുന്നതെന്താണെന്ന് മറ്റു ചിലര്‍ ചോദിച്ചു.