പാര്‍ട്ടി ഫണ്ട് വിവാദം: സിപിഎം പാര്‍ട്ടി ഓഫിസ് ഉദ്ഘാടനവേദിയില്‍നിന്ന് വിട്ടുനിന്ന് മുന്‍ ഏരിയാസെക്രട്ടറി
പയ്യന്നൂര്‍: സിപിഎം പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനത്തില്‍ ക്ഷണമുണ്ടായിട്ടും വേദിയില്‍ കയറാതെ വിട്ടുനിന്നു. എന്നാല്‍ കാഴ്ചക്കാര്‍ക്കൊപ്പം അദ്ദേഹം പരിപാടി വീക്ഷിച്ച് സദസ്സിലിരുന്നിരുന്നു.
സിപിഎം വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് ഓഫിസായ സ. പി കണ്ണന്‍നായര്‍ മന്ദിരം ഹൈവേ വികസനത്തിനുവേണ്ടി വിട്ടുനല്‍കേണ്ടിവന്നതിനാല്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയില്‍നിന്നാണ് അദ്ദേഹം വിട്ടുനിന്നത്.
വി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഊദ്ഘാടന യോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഫോട്ടോ അനാച്ഛാദനം നടത്തി. നടപടി നേരിട്ട ടി ഐ മധുസൂദനന്‍ എംഎല്‍എയാണ് പതാക ഉയര്‍ത്തിയത്. സി കൃഷ്ണന്‍, അഡ്വ. പി സന്തോഷ്, കെ പി ജ്യോതി, എന്‍ അബ്ദുള്‍ സലാം, കെ വി സുധാകരന്‍ എന്നിവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
നോട്ടിസില്‍ പേരുണ്ടായിട്ടും മുന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ വേദിയില്‍ കയറാന്‍ തയ്യാറായില്ല. ഇതേ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ഫണ്ട് തിരിമറിക്കെതിരേ തെളിവ് സഹിതം പരാതി നല്‍കിയതിന്റെ പേരിലാണ് കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. അതിനുപിന്നാലെ അദ്ദേഹം പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇത് പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടായതോടെ തിരിച്ചെത്തിക്കാന്‍ പി ജയരാജന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
തിരിമറിയുടെ ഭാഗമായ എംഎല്‍എ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തി. ഏരിയാകമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ എന്നിവരെ ലോക്കല്‍കമ്മിറ്റിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
