റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി ഇറച്ചി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

Update: 2022-07-26 10:33 GMT

മാനന്തവാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി വില്‍പ്പന നടത്തുന്ന സംഘം വരയാലില്‍ പടിയില്‍. വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ വി ആനന്ദനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് വേട്ട സംഘം പിടിയിലായത്. ഇടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലിക്കണ്ടി പുത്തന്‍ മുറ്റം മഹേഷ്, കാമ്പട്ടി കൈക്കാട്ടില്‍ മനു, മാനന്തവാടി വാഴപറമ്പില്‍ റിന്റോ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന 30 കിലോഗ്രാം മാനിന്റെ ഇറച്ചി, ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്, മാരുതി കാര്‍ എന്നിവ പിടിച്ചെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ അനീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അരുണ്‍, ശരത്ത് ചന്ദ്രന്‍, ആര്‍എഫ് വാച്ചര്‍ സുനില്‍ കുമാര്‍ എന്നി പരിശോധന സംഘത്തിലുണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് പേരിയ റെയിഞ്ച് ഓഫിസര്‍ എംപി സജീവ് പറഞ്ഞു.