ചന്ദനത്തൈകള്‍ നട്ടുവളര്‍ത്താന്‍ പുതിയ പദ്ധതിയുമായി വനംവകുപ്പ്

Update: 2025-10-04 11:41 GMT

കോഴിക്കോട്: കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ വരുമാനവാതിലുകള്‍ തുറക്കാനൊരുങ്ങി വനംവകുപ്പ്. സംസ്ഥാനത്തുടനീളം ഒരു കോടി ചന്ദനത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ''ചന്ദനമരം ഇനി കര്‍ഷകന്റെ സ്വത്ത് സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മുറിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്ന നിയമം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും,'' എന്ന് മന്ത്രി വ്യക്തമാക്കി.

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ചന്ദനമരങ്ങളുടെ വില നേരിട്ട് കര്‍ഷകര്‍ക്കെത്തിച്ചുകൊണ്ട് സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

കേരളത്തിലെ തിരഞ്ഞെടുത്ത 100 കോളജുകളെ നോളജ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സായി പ്രഖ്യാപിച്ച് വനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരപങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. വനശ്രീയിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

നക്ഷത്രവനം, ശലഭോദ്യാനം തുടങ്ങിയ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഉപഹാരങ്ങള്‍ മന്ത്രി ശശീന്ദ്രനും മേയര്‍ ബീനാ ഫിലിപ്പും ചേര്‍ന്ന് സമ്മാനിച്ചു.

Tags: