തെലങ്കാനയിലെ വെള്ളപ്പൊക്കത്തിനു പിന്നില്‍ വിദേശകരങ്ങളോ? സംശയം പ്രകടിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി മേഖലയിലെ വെള്ളപ്പൊക്കം മറ്റു രാജ്യങ്ങള്‍ ആസൂത്രണംചെയ്തു നടപ്പാക്കിയ മേഘവിസ്‌ഫോടനത്തിന്റെ ഫലമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. വെള്ളപ്പൊക്കം നാശം വിതച്ച ഭദ്രാചലത്തിലേക്കുള്ള പര്യടനത്തിനിടെയാണ് റാവു ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്.
'മേഘസ്‌ഫോടനമെന്നത് ഒരു പുതിയ പ്രതിഭാസമാണ്. ഇതിന്റെ പിന്നില്‍ ചില ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പലരും പറയുന്നു, അത് എത്രത്തോളം ശരിയാണെന്ന് ഞങ്ങള്‍ക്കറിയില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ബോധപൂര്‍വം ചെയ്യുന്നതാണ് ഇത്. നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളില്‍ മേഘവിസ്‌ഫോടനം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. പണ്ട് അവര്‍ അത് കശ്മീരിന് സമീപം, ലഡാക്കിലും പിന്നെ ഉത്തരാഖണ്ഡിലും ഉണ്ടായി. ഇപ്പോള്‍ ഗോദാവരി മേഖലയിലാണ്''- റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായി മഴ പെയ്യുന്നതിനെയാണ് മേഘവിസ്‌ഫോടനം എന്നുപറുന്നത്. ഏകദേശം 20 മുതല്‍ 30 ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് 10 സെ.മീറ്ററിലധികം പെയ്യുന്ന മഴയെന്നാണ് കാലാവസ്ഥാ ഓഫിസ് ഇതിനെ നിര്‍വചിക്കുന്നത്.
പര്യടനത്തില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറും സര്‍ക്കാരിന്റെ കര്‍ഷക ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാമിന്റെ ചെയര്‍മാന്‍ പല്ല രാജേശ്വരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒരാഴ്ചയോളം തുടര്‍ച്ചയായി പെയ്യുന്ന മഴ തെലങ്കാനയിലെ പല പ്രദേശങ്ങളെയും വെള്ളത്തില്‍മുക്കി. ക്ഷേത്രനഗരമായ ഭദ്രാചലത്തില്‍ ജലനിരപ്പ് 70 അടിയാണ്. ഇന്ന് 60 അടിയായി കുറഞ്ഞു.
