ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ അമേരിക്കയിലേക്കയക്കും. അടുത്ത ആഴ്ചയാണ് പുറപ്പെടുക. അമേരിക്കയില്‍ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വാക്‌സിന്‍ കമ്പനി പ്രതിനിധികളെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും.
ഫൈസര്‍, ബയോഎന്‍ടെക്, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ തുടങ്ങിയ വാക്‌സിനുകളുടെ 20 ദശലക്ഷം ഡോസുകള്‍ ജൂണ്‍ അവസാനത്തോടെ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജൊ ബെയ്ഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയുകയില്ലെങ്കിലും കയറ്റുമതി പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. ആസ്ര്ട്ര സെനക്കയുടെ വാക്‌സിന്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും അമേരിക്കയില്‍ അത് ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ബാല്‍ട്ടിമോറിലെ പ്ലാന്റുമായി ബന്ധപ്പെട്ട ചില സാങ്കേതികപ്രശ്‌നങ്ങളാണ് കാരണം. ഇതേ പ്ലാന്റിലാണ് ജോണ്‍സന്‍ ആന്റ്‌റ് ജോണ്‍സന്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്.
മെയ് 24 മുതല്‍ മെയ് 28വരെയാണ് ജയ്ശങ്കര്‍ അമേരിക്കയിലുണ്ടാവുക. കഴിയാവുന്നിടത്തോളം വാക്‌സിന്‍ ഇന്ത്യയിലെത്തിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. ഇന്ത്യക്കു പുറമെ ഇന്ത്യയിലെ അയല്‍രാജ്യങ്ങള്‍ക്കുവേണ്ടിയും ജയ്ശങ്കര്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മേമന്‍ ജയ്ശങ്കറിനെ കണ്ട് വാക്‌സിന്‍ ലഭ്യതയ്ക്കുവേണ്ടി ശ്രമം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുവേണ്ടിയും ജയ്ശങ്കര്‍ ഇടപെടും.
ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയൊ ഗുട്ട്‌റസിനെയും ജയ്ശങ്കര്‍ സന്ദര്‍ശിക്കും. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ജയ്ശങ്കര്‍ സന്ദര്‍ശിക്കും. വാക്‌സിനുമായി ബന്ധപ്പെട്ട് രണ്ട് ബിസിനസ് സംഘടനകളുമായി ജയ്ശങ്കര്‍ സംസാരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ജി7 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വച്ച് ജയ്ശങ്കര്‍ ബ്ലിങ്കനെ കണ്ടിരുന്നു.
ഇന്ത്യയുടെ അമേരിക്കന്‍ അംബാസിഡര്‍ തരന്‍ജിത് സിങ് സന്ധു ഇതിനകം നിരവധി പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ഫൈസര്‍ സിഇഇ ആര്‍ബര്‍ട്ട് ബോര്‍ല, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ സിഇഒ അലക്‌സ് ഗോര്‍ക്കി, വാക്‌സിന്‍ അസംസ്‌കൃതവസ്തുക്കളുടെ ഉല്‍പാദകര്‍, റെംഡെസിവിര്‍ പോലുള്ള മരുന്നുകളുടെ നിര്‍മാതാക്കള്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

