'കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി നല്‍കരുത്'- ജില്ലാ ഭരണകൂടത്തിനെതിരേ ഭീഷണി മുഴക്കി ഛത്തിസ്ഗഢ് വിശ്വഹിന്ദു പരിഷത്ത്
ന്യൂഡല്‍ഹി: പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്‌ക്കെതിരേ ഛത്തിസ്ഗഢില്‍ ഹിന്ദുത്വരുടെ ഭീഷണി. ഷോയ്ക്ക് അനുമതി നല്‍കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ആക്രമണം സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് ഭീഷണി മുഴക്കി. നവംബര്‍ 14ന് റായ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഷോക്കെതിരേയാണ് വിഎച്ച്പി പ്രതിഷേധവുമായെത്തിയത്.
വിശ്വഹിന്ദു പരിഷത്തിനു പുറമെ ബജ്രംഗദള്‍ പ്രവര്‍ത്തകരും പ്രതിഷേധത്തിലുണ്ടെന്നും അവര്‍ ജില്ല ഭാരണകൂടത്തെ കണ്ടിരുന്നെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഷോ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാണ് പരാതി.
''ഫാറൂഖി പണ്ട് നമ്മുടെ ദൈവങ്ങളെ പരിഹസിച്ചിരുന്നു, ഇത്തരം ഹിന്ദു വിരുദ്ധരെ തലസ്ഥാനത്ത് അനുവദിക്കരുത്. ഷോ അനുവദിക്കുകയാണെങ്കില്‍, ഞങ്ങള്‍ അത് ഏത് നിലക്കും തടയും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അത് അധികൃതരുടെ ഉത്തരവാദിത്തമാണ്''- വിഎച്ച്പി നേതാവ് സന്തോഷ് ചൗധരി പറഞ്ഞു.
ഫാറൂഖിയുടെ ഷോയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.
''പ്രദര്‍ശനം നടത്താനുള്ള അനുമതിക്കായി ഞങ്ങള്‍ക്ക് ഒരു അപേക്ഷ ലഭിച്ചിട്ടുണ്ട്, അതിന്റെ നടപടികള്‍ തുടരുന്നുണ്ട്. ഒരു ഹോട്ടലിലാണ് ഷോ നടക്കുന്നത്. പരിപാടിക്ക് സംരക്ഷണം നല്‍കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്... അപേക്ഷ പോലിസിന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്''- റായ്പൂര്‍ ജില്ലാ കലക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു.
ഗുജറാത്തിലും മുംബൈയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ട് ഷോകള്‍ ബജ്രംഗദളിന്റെ ഭീഷണി മൂലം അവസാന നിമിഷം റദ്ദാക്കിയിരുന്നു. രണ്ടിടങ്ങളിലും ഷോ നടക്കേണ്ട കെട്ടിടത്തിന്റെ ഉടമകളെ ഭീഷണി.
ഫാറൂഖി മതവിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകരും ബിജെപി എംഎല്‍എയും ഈ വര്‍ഷം ആദ്യം പരാതി നല്‍കിയിരുന്നു. പരിപാടി തുടങ്ങും മുമ്പേ അദ്ദേഹത്തെ ഈ പരാതിയുടെ വെളിച്ചത്തില്‍ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹിന്ദു ദൈവങ്ങളെക്കുറിച്ചും അമിത് ഷായെക്കുറിച്ചും അന്തസ്സില്ലാത്ത പരാമര്‍ശം നടത്തുന്നുവെന്നായിരുന്നു അന്നത്തെ പരാതി. എന്നാല്‍ ഒരു തെളിവും ഹാജരാക്കിയില്ല.
രാജസ്ഥാന്‍ ഹൈക്കോടതി രണ്ട് തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇത്തരക്കാരെ ഒരു കാരണവശാലും ഒഴിവാക്കരുതെന്നായിരുന്നു ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയത്!

