ഫുട്‌ബോളര്‍ മുഹമ്മദ് റിഷാദിനെ ജന്മനാട് ആദരിക്കുന്നു

Update: 2022-06-03 08:52 GMT

തിരൂര്‍: ഈ വര്‍ഷത്തെ ഐ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ നിര്‍ണായക ഗോളടിച്ച ഗോകുലം എഫ്‌സിക്ക് കപ്പ് നേടാനും ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് (എ.എഫ്.സി) മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്ത് കേരളത്തിന്റെ അഭിമാന താരമായി മാറിയ തിരൂര്‍ മുറിവഴിക്കല്‍ സ്വദേശി മുഹമ്മദ് റിഷാദിനെ ജന്മനാട് ആദരിക്കുന്നു.

ജൂണ്‍ 5ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ജനതാ ബസാറില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മുറിവഴിക്കല്‍, അരിക്കാഞ്ചിറ, പറവണ്ണ വഴി മുറിവഴിക്കല്‍ മര്‍വ അങ്കണത്തില്‍ എത്തിച്ചേരും. നാട്ടിലെ ക്ലബ്ബുകള്‍, കായിക താരങ്ങള്‍, മറ്റു കൂട്ടായ്മകള്‍, പൗരപ്രമുഖര്‍ പങ്കെടുക്കുന്ന ഘോഷയാത്ര ശിങ്കാരിമേള, ബാന്റ് മേളം, വാദ്യമേളങ്ങള്‍, മുത്തുകുട, ചൈനീസ് പടക്കം മുതലയാ വയുടെ അകമ്പടിയോടുകുടി 5 മണിയോടുകൂടി മര്‍വ്വ അങ്കണത്തില്‍ പ്രത്യേകമായി സജ്ജമാക്കിയ വേദിയില്‍ എത്തിചേരുന്നതും തുടര്‍ന്ന് നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തില്‍ കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം ഷറഫലി, നാട്ടുകാരനും മണ്ണാര്‍ക്കാട് എം.എല്‍.എ യുമായ അഡ്വ. എന്‍. ഷംസുദ്ദീന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, തിരൂര്‍ സാറ്റ് പ്രതിനിധി മുതലായവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ആദരിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സുലൈമാന്‍കുട്ടി സി.കെ, കണ്‍വീനര്‍ എം.കെ. അബ്ദുല്‍ ഷുക്കൂര്‍, രക്ഷാധികാരികളായ കെ.വി.ടി. ഉസ്മാന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫവാസ് മുസ്തഫ, ഒ.എ അബ്ദുള്ള കുട്ടി എന്നിവര്‍ പങ്കെടുത്തു.