ജിജോ ജോസഫിന്റെ കിക്കോഫില്‍ റവന്യൂ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം

Update: 2022-05-22 04:07 GMT

തൃശൂര്‍: തകര്‍ത്ത് പെയ്യുന്ന മഴയിലും മൈതാനം നിറയെ കാല്പന്തിന്റെ ആവേശം ചൊരിഞ്ഞ് റവന്യൂ കായികോത്സവം.

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജിജോ ജോസഫാണ് കിക്കോഫ് നിര്‍വഹിച്ചത്.

സംസ്ഥാന റവന്യൂ കായികോത്സവത്തിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജിജോ ജോസഫ് പറഞ്ഞു. സന്തോഷ് ട്രോഫി മത്സരങ്ങളില്‍ തന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല.

ജില്ലാതല റവന്യൂ കായികോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിജയിച്ച 15 ടീമുകളാണ് സംസ്ഥാന

കായികോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ജില്ലകളെ പ്രതിനിധാനം ചെയ്ത് 14 ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീമും ഉള്‍പ്പെടുന്ന മത്സരത്തില്‍ 30 മിനിറ്റ് ദൈര്‍ഘ്യമാണ് ഓരോ മത്സരങ്ങള്‍ക്കും അനുവദിച്ചിട്ടുള്ളത്. ഇന്ന് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളോടെ സംസ്ഥാന റവന്യൂ കായികോത്സവത്തിന് തിരശ്ശീല വീഴും. മെയ് 14 മുതലാണ് കായികോത്സവം ആരംഭിച്ചത്. എ ഡി എം റെജി പി ജോസഫ്, തഹസില്‍ദാര്‍ ടി ജയശ്രീ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: