ഭക്ഷ്യസുരക്ഷാ പരിശോധന; 3.24 ലക്ഷം രൂപ പിഴ ചുമത്തി

Update: 2022-06-29 12:43 GMT

ആലപ്പുഴ: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് 3,24,500 രൂപ പിഴ ചുമത്തി. 1174 പരിശോധനകളാണ് നടത്തിയത്. ശേഖരിച്ച സാംപിളുകള്‍ തുടര്‍പരിശോധനയ്ക്കായി അയച്ചു. ഓപറേഷന്‍ മല്‍സ്യയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് 231 പരിശോധനകള്‍ നടത്തി. വഴിച്ചേരി, ചെങ്ങന്നൂര്‍ കൊല്ലക്കടവ്, ഹരിപ്പാട് മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മലിന്‍ ടെസ്റ്റ് പോസീറ്റീവ് ആയതും പഴകിയതും ഉള്‍പ്പെടെ 530 കിലോ മല്‍സ്യം പിടികൂടി നശിപ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഫോര്‍മാലിന്‍ പോസിറ്റീവായ മല്‍സ്യത്തിന്റെ സാംപിളുകള്‍ ഗവണ്‍മെന്റ് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.

ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് 295 പരിശോധനകളാണ് നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ 78 സ്ഥാപനങ്ങള്‍ക്കും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 32 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 120 ജ്യൂസ് കടകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. ഓപറേഷന്‍ ജാഗറിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്‌ക്വാഡ് 72 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇക്കാലയളവില്‍ 2600 സ്ഥാപനങ്ങള്‍ക്ക് എഫ്എസ്എസ്എഐ രജിസ്‌ട്രേഷനും 304 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കി.

Tags:    

Similar News