പിന്തുടര്‍ന്ന് ശല്യം ചെയ്തു; നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍

Update: 2022-05-05 07:12 GMT

തിരുവനന്തപുരം: തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന് ആരോപിച്ച് നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി പോലിസ് പാറശാലയിലെത്തിയാണ് സനലിനെ അറസ്റ്റ് ചെയ്തത്.

നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴി എടുത്തശേഷം സനല്‍കുമാര്‍ സാമൂഹികമാധ്യങ്ങളിലെഴുതിയ പോസ്റ്റാണ് കേസിന് പിന്നില്‍. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നുമായിരുന്നു സനല്‍ കുമാര്‍ തന്റെ ഫേസ് ബുക്ക് വാളില്‍ കുറിച്ചത്. ഇത് വലിയ തോതില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് മഞ്ജു കമ്മീഷണര്‍ ഓഫിസിലെത്തി നേരിട്ട് പരാതി നല്‍കിയത്. ഐടി വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മഞ്ജു വാര്യര്‍, സനല്‍കുമാറിനെതിരേ കേസ് നല്‍കിയ വിവരം നേരത്തെ വാര്‍ത്തയായിരുന്നു. ഇക്കാര്യം തനിക്കറിയില്ലെന്നായിരുന്നു സനല്‍ പ്രതികരിച്ചത്.

കയറ്റം എന്ന സനലിന്റെ സിനിമയിലെ നായികയാണ് മഞ്ജു. 

Tags: