ദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം (വിഡിയോ)

Update: 2025-06-03 09:09 GMT

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സംസ്ഥാനങ്ങളില്‍ വ്യാപക നാശ നഷ്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മരണസംഖ്യ 36 ആയി ഉയര്‍ന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ആസമിലാണ്. ഇതുവരെ ഇവിടെ രേഖപ്പെടുത്തിയത് 11 മരണമാണ്. 5.35 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

അസമില്‍ പലയിടങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് റോഡ്, റെയില്‍, ഫെറി സര്‍വീസുകള്‍ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. 65 റവന്യൂ സര്‍ക്കിളുകളിലെയും 22 ജില്ലകളിലെ 1,254 ഗ്രാമങ്ങളിലെയും 5.15ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.1,94,172 ജനസംഖ്യയുള്ള ശ്രീഭൂമിയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ല.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കാരണം മിസോറാമിലെ ഏകദേശം 100 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഖവത്‌ലാങ്തുയിപുയി, ത്വലാങ്, ഛിംതുയിപുയി നദികള്‍ അപകടകരമായി കരകവിഞ്ഞൊഴുകുകയാണ്.

ഇംഫാല്‍ താഴ്വരയില്‍ ഏകദേശം 4,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. സ്ഥലത്ത് സൈന്യവും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. 12 സ്ഥലങ്ങളില്‍ ഇതുവരെ മണ്ണിടിച്ചിലുകള്‍ റിപോര്‍ട്ടു ചെയ്തു. കൊഹിമയിലെ ഫെസാമയ്ക്ക് സമീപം എന്‍എച്ച്-2 തകര്‍ന്നതോടെ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ ത്രിപുരയില്‍ 60 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

ഇംഫാലിലെ വെള്ളപ്പൊക്കത്തില്‍ 500 ലധികം സാധാരണക്കാരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി, മിസോറാമില്‍ ഏകദേശം 100 കുടുംബങ്ങളെ ഒഴിപ്പിച്ചു. അരുണാചലില്‍ കുടുങ്ങിക്കിടക്കുന്ന 14 പേരെ വ്യോമസേന വ്യോമമാര്‍ഗം വഴി രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.തുടര്‍ച്ചയായി പെയ്യുന്ന മഴ പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

Tags: