മഴക്കെടുതി: സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ ആവശ്യപ്പെട്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തെഴുതി

Update: 2021-10-17 02:25 GMT

തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കേരളത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട്  സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സേനകളെ വിനിയോഗിക്കാനും മറ്റ് സഹായങ്ങള്‍ നല്‍കാനുമാണ് കത്തില്‍ ആവശ്യപ്പെട്ടത്. 

സംസ്ഥാനത്ത് ഇതുവരെ 11 എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ സൈന്യത്തിന്റെ രണ്ട് ടീമുകളും ഡിഫന്‍സ് സര്‍വീസ് കോര്‍പ്‌സിന്റെ രണ്ട് ടീമും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കേരളത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്നും അടിയന്തിരമായി ഇടപെടേണ്ട സമയമാണെന്നും എംപി പ്രധാനമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറിനുളളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ കനക്കും. കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കാറ്റിന് സാധ്യതയുള്ളത്. ഇവിടെ 4060 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആകെ 17 പേരെ കാണാതായിട്ടുണ്ട്. എട്ട് പേര്‍ മരിച്ചു.

ഇന്നലെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. സൈന്യത്തിനും ദുരിതാശ്വാസ സേനക്കും എത്താന്‍ കഴിയാത്ത പ്രദേശങ്ങളില്‍ ജനങ്ങള്‍ സ്വമേധയാ രംഗത്തിറങ്ങിയിരിക്കുകയാണ്. 

Tags: